കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ച ബഹുമുഖ ബുദ്ധി ജീവിയായിരുന്നു ഡോക്ടര്‍:വി.വി.വേലുക്കുട്ടി അരയന്‍. സാമൂഹിക പരിഷ്കര്‍ത്താവ്, പണ്ഡിതന്‍, എഡിറ്റര്‍, സാഹിത്യകാരന്‍, ശാസ്ത്രഞ്ജന്‍, വൈദ്യ ശാസ്ത്രത്തിന്റെ സമസ്ത ശാഖകളിലും വ്യക്തി മുദ്രപതിപ്പിച്ച ഭിഷ്വഗരന്‍, അങ്ങനെ ഡോക്ടര്‍ അരയന്‍ കടന്നു ചെല്ലാത്ത മേഖലകള്‍ വിരളമാണ്. 1894 മാര്‍ച്ച് 11 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ വിളാകത്ത് വേലായുധന്‍ വൈദ്യരുടെയും, വെളുത്ത കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം, ഡോക്ടര്‍ അരയന്‍,ആയൂര്‍വേദത്തില്‍ പഠനം തുടര്‍ന്നു. പതിനെട്ടു വയസ്സ് തികയുന്നതിനു മുന്‍പ് തന്നെ ആയൂര്‍വേദ ത്തിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും, അസാമാന്യ പ്രാവീണ്യം നേടി. ശേഷം, മദ്രാസ്സില്‍ നിന്നും അലോപ്പതിയും പിന്നെ, സമുദ്ര ശാസ്ത്രവും, നിയമവും പഠിച്ചു.
അലോപ്പതിയില്‍ ബിരുദം നേടിയതിനു ശേഷം, കല്‍ക്കട്ടയിലെ
ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും ഹോമിയോപ്പതിയില്‍ ഒന്നാം റാങ്കോടെ
ബിരുദം കരസ്ഥമാക്കി. കല്‍ക്കട്ടയില്‍ നിന്നും മടങ്ങി വന്ന ഡോക്ടര്‍ അരയന്‍ സ്വന്തം
സമൂഹത്തെ മറന്നില്ല. സ്വദേശത്തു പ്രതിഫലം വാങ്ങാതെ രോഗികളെ ചികിത്സിച്ചു.
ആലപ്പാട് ദേശത്ത് ആദ്യമായി ഒരു വായന ശാല(വിജ്ഞാനസന്ദായിനി)
ആരംഭിക്കുന്നത് ഡോക്ടര്‍ അരയനാണ്, അദ്ധേഹത്തിന്റെ
പതിനാലാമത്തെ വയസ്സില്‍ !.
തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം
ലഭ്യമാകുന്നതിന് 1936 ല്‍ ഒരു സ്കൂള്‍
സ്ഥാപിച്ചു. അദ്ദേഹം ധാരാളം സാമൂഹ്യ പ്രസ്ഥാനങ്ങളും, തൊഴിലാളി
പ്രസ്ഥാനങ്ങളും സ്ഥാപിച്ചു. അരയ വംശ പരിപാലന യോഗം, സമസ്ത കേരളീയ
അരയ മഹാജന കരയോഗം, അരയ സര്‍വ്വീസ്
സൊസൈറ്റി, അഖില
തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂര്‍
മിനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍, പോര്‍ട്ട്
വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവ അതില്‍ ചിലതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയും, വൈക്കം
സത്യാഗ്രഹത്തിന്റെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളുമായിരുന്നു ഡോക്ടര്‍ അരയന്‍.
1917 –ല്‍ അദ്ദേഹം
കേരളത്തിലെ അരയരുടെ ജിഹ്വയായി “ദി അരയന്‍ “എന്ന പേരിലും, ”അരയസ്ത്രീ ജന
മാസിക “എന്ന പേരിലും
പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.
സാഹിത്യത്തിന്റെ എല്ലാ ശാഖകളിലൂടെയും
അദ്ധേഹത്തിന്റെ കൃതികള്‍ പ്രശസ്തമായി.
കിരാതാര്‍ജ്ജുനീയം, ഓണം ഡേ, ദീനയായ ദമയന്തി, പദ്യ
കുസുമാഞ്ജലി, ശ്രീ ചൈത്ര
ബുദ്ധന്‍, സത്യ ഗീഥ, മാതംഗി, ചിരിക്കുന്ന
കവിതകള്‍,
ചിന്തിപ്പിക്കുന്ന കവിതകള്‍, കേരള ഗീതം, സൂക്ത മുത്തു
മാല(സമ്പൂര്‍ണ്ണ കവിതകള്‍), ഭാഗ്യ
പരീക്ഷകള്‍(നോവല്‍), തിരുവിതാംകൂര്‍
അരയമഹാജന യോഗം(satirical noval), ഇരുട്ടടി, ആള്‍മാറാട്ടം, ബലേ ഭേഷ്, ലോകദാസന്‍(നാടകം), മത്സ്യവും,മതവും(തത്വചിന്തകള്‍), തുടങ്ങിയവ
അവയില്‍ ചിലതാണ്. അരയര്‍ കുലത്തിന്റെ പാരമ്പര്യത്തില്‍ അങ്ങേയറ്റം അഭിമാനം കൊണ്ട
മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു, ഡോക്ടര്‍
അരയന്‍. 1969 മേയ് 31 നു ഡോക്ടര്‍ വി.വി.വേലുക്കുട്ടി അരയന്‍ നാടുനീങ്ങി.